വി ദ്യാ മൂർത്തിയും വേദമൂർത്തിയുമായ ശാസ്താവ് ഗ്രാമരക്ഷകനുമായിട്ടാണ് വിളങ്ങുന്നത്. ദൂരദേശങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നു പോലും ഇവിടേയ്ക്ക് കുട്ടികളെ എഴുത്തിരുത്തുന്നതിന് കൊണ്ടുവരുന്നു. നവരാത്രി മഹോത്സവവും വിജയദശമി -വിദ്യാരംഭവുമാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഈ ദിവസങ്ങൾ വിദ്യാരംഭത്തിനുള്ള കുട്ടികളേയും കൊണ്ട് പതിനായിരങ്ങളാണ് വരുന്നത്. നവരാത്രി കാലങ്ങളിൽ നിരവധി കുട്ടികൾ തങ്ങളുടെ കലാ വൈഭവത്തിന് അരങ്ങേറ്റം കുറിക്കാറുണ്ട്. തൃശ്ശൂർ നഗരത്തിൽ നിന്ന് 10 കി.മീ തെക്ക് തൃശ്ശൂർ - ഇരിഞ്ഞാലക്കുട റോഡിൽ വടക്കുവശത്തായി തിരുവുള്ളക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഉപദേവനായി ഗണപതിയാണ് പ്രതിഷ്ഠ. വിദ്യാരംഭം, വിജയദശമി എന്നിവയാണ് പ്രധാനപ്പെട്ട ആഘോഷങ്ങൾ. അത്തം നാളും, മഹാനവമിയും ഒഴികെയുള്ള എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. ഈ ക്ഷേത്രത്തിലെ ശാസ്താവ് പൂർണ്ണപുഷ്കലാസമേതനും സ്വയംഭൂവുമാണ്. അപ്പം, കദളിപ്പഴം, നെയ്‌വിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ. വിദ്യാതടസം അകലുവാനും കലാസാഹിത്യ മേഖലകളിലെ ഉയർച്ചക്കുമായും ധാരാളം ആളുകൾ ഇവിടെ ദർശനം നടത്താറുണ്ട്.